"ടേയ്,നീ പ്രീടിഗ്രി പാസായി കേട്ടാ..സെക്കന്ട് ക്ലാസുണ്ടെടേയ്...ഞാനും പാസായി"....
അവന്‍ പറഞ്ഞത് രണ്ടും വിശ്വാസയോഗ്യമല്ല...
എനിക്ക് സെക്കണ്ട് ക്ലാസ്..നോ ചാന്‍സ്...കേരള യൂനിവേര്‍സിറ്റി ഇത്ര അധപതിച്ചോ..
അവന്‍ പാസായി...ഒരു വഴിയുമില്ല...എന്റെ നോക്കിയാ അവന്‍ 2 പരീക്ഷ എഴുതിയെ..ഇനി പാമ്പ് ആയി എന്നാണോ?.
"നീ ഒന്നൂടെ നോക്കടെ,പാസായവരുടെ ലിസ്റ്റ് നോക്കാതെ ഫെയില്‍ ആയവരുടെ ലിസ്റ്റ് നോക്കി നീ വിളി അല്ലാതെ ആളെ പറ്റിക്കാതെ"...
"ടാ സത്യമാ..നിനക്ക് 56 ശതമാനം മാര്‍ക്കുണ്ട്"....
"ബൂഹിഹി...നീ ശതമാനം നോക്കാനൊക്കെ എന്നു പഠിച്ചു??!ഒരു രൂപ കൊടുത്ത് അന്‍പത് പൈസയുടെ തീപ്പെട്ടി വാങ്ങികഴിഞ്ഞാല്‍ ബാക്കി എത്ര ഉണ്ടാകും എന്നറിയാത്ത നീ ശതമാനം പറയുന്നോ"?
"അയ്യേ,ഞാനല്ലടാ...മ്മടെ വിദ്യ പറഞ്ഞതാ..നിന്റെ ശമതാനം"...
ദൈവമേ അപ്പൊ സംഭവം സത്യമാ...
വിദ്യ ഒരിക്കലും കള്ളം പറയില്ല...സ്വീറ്റ് ഗേള്‍....
ആകെ പ്രശ്നായി.ഇതെങ്ങനെ ഞാന്‍ വീട്ടില്‍ പറയും.വിശ്വസിക്കില്ല ഉറപ്പ്.പാസായി എന്നു പറഞ്ഞാല്‍ തന്നെ വിശ്വസിക്കില്ല പിന്നാ സെക്കണ്ട് ക്ലാസ് എന്നു കൂടെപറഞ്ഞാല്‍,എല്ലാവരും കളിയാക്കും,പാസായതിന്...
"അമ്മേ...അമ്മയുടെ മകന്‍ സെക്കണ്ട് ക്ലാസില്‍ പാസായമ്മേ"...എന്നൊക്കെ ചെന്ന് നസീര്‍ പറയുന്ന പോലെ എന്റെ അമ്മയോട് പറഞ്ഞാല്‍ അച്ഛനെ വിളിച്ച് ചന്തേന്ന് വരുമ്പോള്‍ ഒരു കിലോ നെല്ലിക്ക കൂടെ വാങ്ങാന്‍ പറയും,പിക്കിള്‍സ് ഇടാനല്ല, എനിക്ക് തളം വയ്ക്കാന്‍..
"അതേ അമ്മാ,റിസല്‍ട്ട് വന്നു..ഞാന്‍ പാസായി, സെക്കണ്ട് ക്ലാസുണ്ടെന്നാ പറഞ്ഞെ,,,"
"ആര്???! ....
"പ്രഭു വിളിച്ചാരുന്നു ഇപ്പൊ...അവനാ പറഞ്ഞെ.. "
"നിന്റെ കൂട്ടുകാരനല്ലേ...പറ്റിച്ചതാവും..കാര്യമാക്കണ്ടാ".....
ഇതാ ഒക്കാത്തെ,എനിക്കറിയാം ആരും വിശ്വസിക്കില്ലാന്ന്..
"അതെന്താമ്മാ അവനു സത്യം പറഞ്ഞൂടെ?"...
“നിന്റെ കൂട്ടുകാരനല്ലേ...നാക്കെടുത്താല്‍ നുണയല്ലേ നീ പറയൂ”...
"നാക്ക് എടുത്താല്‍ നുണയെന്നല്ല,പിന്നെ ഒന്നും പറയാന്‍, പറ്റൂല്ല.ആര്‍ക്കും..അമ്മയോട് ഇതു പറഞ്ഞ എന്നെ തല്ലണം"....
"എന്നിട്ടെന്തു പ്രയോജനം?നീ നേരെ ആവില്ലല്ലോ"...
അമ്മയാന്നും പറഞ്ഞ് ആക്കരുത്.
അമ്മ പ്രശ്നമില്ല.അച്ഛനോട് എന്തു പറയും.എങ്ങനെ പറയും.നല്ല ടെന്ഷന്‍..അച്ഛന്‍ വൈകിട്ട് വരട്ടെ,അപ്പൊ പറയാം...
"അതേ,അച്ഛാ എന്റെ റിസള്ട്ട് വന്നു..സെക്കന്ട് ക്ലാസ് ഉണ്ട്"....
"ഉം..ഗുഡ്"...
ഗുഡോ?!!ഈശ്വരാ ഈ വാക്കിന്റെ അര്‍ത്ഥം മാറ്റിയോ??അല്ല,എന്നോട് ഗുഡ് എന്ന്....
"ഇനി എന്താ അടുത്ത പരിപാടി"??
"വിശ്വണ്ണന്റെ മോള്‍ടെ കൊച്ചിന്റെ അരഞ്ഞാണം കെട്ടാ നാളെ,അതുമായി ബന്ധപ്പെട്ട് ഒരു ചെറിയ പരിപാടി.അത്രേയുള്ളൂ..അച്ഛനെന്താ പരിപാടി"??
"അതല്ലടാ കഴുതേ ചോദിച്ചെ,ഇനി തുടര്‍ന്നു പഠിക്കാന്‍ വല്ല ഉദ്ദേശവുമുണ്ടോന്ന്??? അതോ രണ്ട് കാളയെ വാങ്ങി തന്നാ മതിയോ?? അവന്റെ അരഞ്ഞാണം കെട്ട് പോലും ഇവനെ ഒക്കെ"..
അയ്യേ തെറ്റിദ്ധരിച്ച്,ആ പരിപാടിയാണോ അച്ഛന്‍ ഉദ്ദേശിച്ചേ.ഞാന്‍ അത്തരക്കാരനല്ല...
"അങ്ങനൊന്നുമില്ല...ഇങ്ങനെയൊക്കെ അങ്ങ്...."എന്റെ ഭവ്യതയോടെയുള്ള മറുപടി..
അച്ഛന്‍ എന്നെ സൂക്ഷിച്ച് നോക്കി.
സൂക്ഷിക്കാതെ നോക്കിയാ തന്നെ മനുഷ്യന് നെന്‍ചിടിപ്പാ.അപ്പൊ പിന്നെ സൂക്ഷിച്ചു കൂടേ നോക്കിയാലോ ...പാവം ഞാന്‍...
നാട്ടുനടപ്പനുസരിച്ച് പ്രീഡിഗ്രീ കഴിഞ്ഞവന്‍ ഡിഗ്രീക്കു പോകണമെന്നാണല്ലോ..ഞാനായിട്ടത് തെറ്റിക്കുന്നില്ല..ഞാനും പോയേക്കാം..
"ഡിഗ്രീക്ക് പോണോന്നാ എനിക്ക്....",
"വല്ല പ്രൊഫഷണല്‍ കോഴ്സും പഠിക്ക്..എന്നാല്‍ ജീവിതത്തില്‍ പച്ചപിടിക്കാം"..അച്ഛന്‍
പച്ച പിടിക്കാന്‍ ഞാനെന്താ മുസ്ലീം ലീഗോ....എനിക്ക് പാര്‍ട്ടി ഒന്നും ഇല്ലേ..
"എനിക്ക് നാട്ടില്‍ നിന്ന് പഠിച്ചാ മതി..",
അയ്യട മനമേ,അച്ഛാ..എന്നെ നാടുകടത്താനുള്ള പരിപാടിയാ... ഒരു പ്രൊഫഷണല്‍ കോഴ്സ്..
"ടാ,നാട്ടിലെ കോളേജിലെവിടാ പ്രൊഫഷണല്‍ കോഴ്സ്?വിവരസാങ്കേതിക വിദ്യ യുമായി ബന്ധപ്പെട്ട വല്ല കോഴ്സും ആണേങ്കില്‍ ഒരുപാട് ഓപ്പര്‍ച്യൂണിറ്റീസ് ഉണ്ട് ഭാവിയില്...",അച്ഛന്‍ ലോകപരിചയം പുറത്തെടുത്ത്..കോപ്പ്..
ഉവാ..ഈ സാങ്കേതികപരമായി ഒരു വിവരവുമില്ലാത്തവന്‍മാര് ജീവിക്കാന്‍ കാണിക്കുന്ന ഒരോ വിദ്യയല്ലേ അച്ഛാ ഈ വിവരസാങ്കേതിക വിദ്യ...എനിക്കത് പഠിക്കണ്ടാ..(അല്ലാതെ തന്നെ ഞാനതാ..)
“ഞാന്‍ സെക്കന്‍ട് ഗ്രൂപ്പല്ലാരുന്നോ,എനിക്ക് ബി എസ്സി കെമിസ്ട്രി മതി...അതാവുമ്പോള്‍ അന്‍ചല്‍ കോളേജില് കിട്ടും...”
"കിട്ടും കിട്ടും ....ഇനി നീ മിണ്ടിയാ നിനക്കെന്റെ കൈയ്യീന്നു കിട്ടും....നിനക്ക് കെമിസ്ട്രി അത്രയ്ക്കിഷ്ടമാണോ"??
പിന്നേ,പറയാനുണ്ടോ..പരീക്ഷ എഴുതിയപ്പൊള്‍ കുഞ്ഞുന്നാളു മുതല്‍ക്കേ ക്വസ്റ്റ്യന്‍ പേപ്പറില്‍ എനിക്ക് വിശ്വാസം ഇല്ലാത്തതുകൊണ്ട് കെമിസ്ട്രിയുടെ സ്പെലിങ് ഞാന്‍ ആ സാബുവിന്റെ പേപ്പര്‍ നോക്കിയാ എഴുതിയേ..സ്പെല്ലിങ് മാത്രമല്ല..ഉത്തരവും.. ആ എന്നോടാ..
"ഉം.."..
"പത്താം ക്ളാസില്‍ നിനക്ക് എത്ര മാര്‍ക്കുണ്ടാരുന്നു ഈ പറഞ്ഞ കെമിസ്ട്രിക്ക്"??,
അപ്പറത്തെ രേണൂന് എത്ര ചുരിദാര്‍ ഉണ്ടെന്ന് ചോദിച്ചിരുന്നേ കറക്ട് ഞാന്‍ പറഞ്ഞേനെ..ഈ മാര്‍ക്കൊക്കെ ആരോര്‍ക്കാന്‍ ..സില്ലി തിങ്..
"അന്നു കുറവാരുന്നു,പക്ഷേ ഇപ്പൊ കാണും".....
(സാബൂ,അളിയാ കാണില്ലേ???)
"എന്നാ നീ ബീഫാമിനു പോ...അതു മുഴുവന്‍ കെമിസ്ട്രിയാ..എന്താ"??
ബീഫാമോ??..ആ കുഴിമാന്തോപ്പിലെ കുര്യച്ചന്റെ കോഴിഫാമിനടുത്ത് ഇതുപോലെന്തോ ഒരു ഫാമുണ്ടല്ലോ...
ഇനി അതോ മറ്റോ ആണോ...
അവിടെ പോയി ഞാനെന്ത് ചെയ്യാന്‍??,ഈശ്വരാ സെക്യൂരിറ്റി പണി ആയിരിക്കും..വേണ്ടാ...
"എനിക്ക് പഠിക്കണം..."
അച്ഛന്‍ അന്തം വിട്ട് എന്നെ നോക്കി....
"നിന്നോട് പഠിക്കണ്ടാന്നാരു പറഞ്ഞു?..അതല്ലേ ബിഫാമെന്നു ഞാന്‍ പറഞ്ഞെ..."
എല്ലാം മനസിലായച്ഛാ...എനിക്കെല്ലാം മനസിലായി...ആ കുര്യച്ചനോടുള്ള അച്ഛന്റെ വിരോധം തീര്‍ക്കാന്‍ എനിക്ക് മറ്റൊരു കോഴിഫാമിട്ട് കോഴിയെ വളര്‍ത്താനും വെട്ടി പീസ് പീസ് ആക്കി കസ്റ്റമറോട് ചിരിച്ചുകൊണ്ട് വില്‍ക്കാനും പഠിപ്പിക്കാനുള്ള പരിപാടിയാ..അതോ ഇനി ഈ ബീഫാം വേറെ വല്ല ഫാമും ആന്നോ??
“നിനക്കൊരു പിണ്ണാക്കും മനസിലായില്ല എന്നെനിക്കറിയാം.കമ്പ്യൂട്ടറു പഠിക്കാന്‍ വിട്ടപ്പോള്‍ ആ കളരി ചിറയില്‍ പോയി ചൂണ്ട ഇട്ടിരുന്നപ്പോ ഓര്‍ക്കണം.ടാ ബീഫാം എന്നു വച്ചാല്‍ മരുന്നുമായി ബന്ധപെട്ട പഠനമാ പൊട്ടാ..ജീവിതത്തില്‍ എന്നെങ്കിലും പച്ച പിടിക്കണമെങ്കില്‍ മതി.."
ഓ,, മരുന്നുമായി ബന്ധപ്പെട്ട പഠനം...ബീ ഫാം... അതിനിങ്ങനേയും ഒരു പേരുണ്ടോ...ഹോ,ഇനി അരിഷ്ടമൊക്കെ ഉണ്ടാക്കാന്‍ പഠിക്കാം.ആ ഗോവിന്ദണ്ണന്റെ അരിഷ്ട ബിസിനസ് കണ്ടപ്പോഴേ വിചാരിച്ചതാ...പുള്ളിക്കാരന്റെ അരിഷ്ടമടിച്ച് ഫിറ്റായി ആ വയലില് കിടക്കുന്ന ആള്‍ക്കാരുടെ എണ്ണമെടുത്താല്‍ പോരെ അതിന്റെ ലാഭമറിയാന്‍...എനിക്കും ഒരെണ്ണം തുടങ്ങണം...
"അച്ഛന്റെ ഇഷ്ടം".... (ഹോ...എനിക്കെന്തൊരനുസരണ....)
ഉം...ബാന്‍ഗ്ലൂരെങ്ങാനും നോക്കാം....അവിടെ നല്ല കോളേജസ് ഉണ്ട്"....അച്ഛന്‍
"ബ്ളാങ്കൂരോ??!!!അതെന്തിനാ അത്രയ്ക്കു ദൂരെ പോണെ????നാട്ടില് മതി...."
"നാട്ടില് അതിനു ടൂട്ടോറിയല്‍ കോളെജിലൊന്നും ബീ ഫാമില്ലടാ മന്ധബുദ്ധീ..അല്ലെങ്കില്‍ ഒരു വഴിയുണ്ട്, നീ എന്‍ട്രന്‍സ് എഴുതി എടുക്കണം..പറ്റുവൊ"??,അച്ഛന്‍
എന്‍ട്രന്‍സ് എഴുതീട്ട് ആരെ എടുക്കാന്‍ പറ്റുവോന്ന്??!....ഹും, നല്ല 2 എന്‍ട്രന്‍സ് ബുക്ക് കിട്ടീരുന്നേല് ആ പാണ്ടി സേതുവിന്റെ ആക്രിക്കടയില്‍ വിറ്റ് അന്‍ചല്‍ വര്‍ഷയില്‍ ഞാന്‍ മാറ്റിനിക്കു പോയേനെ...എന്തോരു വലിപ്പമാ...ബുക്കിനേ..
"എന്‍ട്രന്‍സ് ഒന്നും നടക്കില്ല....എന്നാ പിന്നെ തമിഴ്നാട്ടിലെങ്ങാനും നോക്കിയാ പോരെ.അതാവുമ്പോള്‍ അടുത്തല്ലേ.."
"അതു വേണ്ട..ഈ പാണ്ടികളുടെ സ്വഭാവം നിനക്കറിയാവോ??
"ഇല്ലാ!"...എന്താ"??
"വളരെ നല്ലതാ..നീയായിട്ട് പോയി അതു നശിപ്പിക്കണ്ടാ..അത്രതന്നെ.."
അച്ഛാ..അച്ഛനൊരു അര്‍ജന്റീനയാണെന്നും പറഞ്ഞ് ഒരുമാതിരി തോന്നിയ പോലത്തെ ഗോള് ഇണ്‍ട്യക്കെതിരേ അടിക്കരുത്..,,
"ബാങ്ലൂര് മതി..ജീവിതത്തില്‍ പുതിയത് വല്ലതും പഠിക്ക്.ലോകവിവരം ഉണ്ടാവാന്‍ സ്വന്തം നാടു വിട്ട് പോണം.പച്ചപിടിച്ച് ജീവിതത്തില്‍ ഒരു നിലയിലെത്തണമെങ്കില്‍ മതി"...
"അച്ഛനൊന്നു ചുമ്മാതിരി പോലും...ബാങ്ലൂറൊക്കെ ഒരുപാട് ദൂരെയാ.ഞാന്‍ പോവില്ല"....
"എന്നാ ശരി നീ പറഞ്ഞതല്ലേ,നാളെ മുതല്‍ ഞാന്‍ ചുമ്മാതിരിക്കാം. ഇനി വീട്ടിലെ കാര്യമൊക്കെ നീ നോക്ക്...ഓക്കേ???"
"ങേ!!..അതു പിന്നെ...ഞാന്‍ ആ 'ചുമ്മാതിരി' അല്ല ഉദ്ദേശിച്ചെ"...
വീക്‌നെസ്സില്‍ കയറി പിടിച്ച് കളഞ്ഞ്..ഈ അച്ഛന്‍...പോ അവ്ട്ന്ന്.
"എന്നാ,മര്യാദയ്ക്കു ഞാന്‍ പറയുന്നത് കേട്ടോണം.,നീയല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്..മനസിലായല്ലോ"...
കൃഷ്ണാ..ഇതെന്തു പരീക്ഷണം???പണ്ടാരം ബാങ്ക്ലൂരെങ്കില്‍ ബാങ്ക്ലൂര്‍...അത്രയ്ക്കായോ..
"ശരി അച്ഛന്‍ പറയുന്ന പോലെ.."(വീണ്ടും എനിക്കെന്തൊരനുസരണ..ഹോ..)
വൈകിട്ട് എന്റെ ആത്മസുഹൃത്ത്‌ക്കളായ ലിബുവിനേയും മസില്‍രാജേഷിനേയും കണ്ടു...
ഞങ്ങളുടെ കോണ്ഫറന്സ് ഹാളായ മസിലിന്റെ ചായക്കടയുടെ അടുക്കളവശത്തുള്ള കല്ലില്‍ ഇരുപ്പുറപ്പിച്ചു...
"ടാ ലിബൂ, ബീഫാമിനു പോവാന്‍ പറഞ്ഞു അച്ഛന്‍...",
“അബുദ്ഗിദെ ദിബി അബിദ് ഗുബു”......
“ങേ!!!!,..ഓ..ആ പിരിപ്പുവടേന്ന് കടി വിടടാ..എന്നിട്ട് മര്യാദയ്ക്ക് ചോദിക്ക്...എന്താ??”
" അല്ലാ, അവിടെ നിന്റെ ആരാ ഉള്ളേ"??..എത്ര ദിവസത്തേയക്കാ പോണേന്ന്??
"ഹ ഹ..പൊട്ടാ..ബീഫാം ഒരു സ്ത്ഥലമല്ല ഒരു ഡിഗ്രീ കോഴ്സാ...വിവരമില്ലാത്തവന്‍..(ഞാന്‍ ഷൈന്‍ ചെയ്തതാ,)..ബാങ്ക്ലൂര്‍ക്കാ പോണെ,അതു പഠിക്കാന്‍.പക്ഷേ എനിക്ക് പോണ്ടടാ."
"ഹോ..അളിയാ അതു സെറ്റപ് സ്ത്ഥലമാടാ...എല്ലാ ഉടായിപ്പും നടക്കും..നിനക്ക് പറ്റിയ നാടാ.ഇടയ്ക്ക് ഞങ്ങളും വരാം...ട്ട്രാ"...ലിബു..
"നിന്നോടാരു പറഞ്ഞു??!!"...
“ഹ..നീ സിനിമയില്‍ കണ്ടിട്ടില്ലേ?..ടാ കള്ള്,കന്ചാവ്,ചരസ്,പെണ്ണ്...എല്ലാം അടിക്കുന്നവമാരൊക്കെ ബാങ്ലൂരുന്നല്ലേ... സിനിമേല് ഈ വില്ലന്‍മാരുടെ മക്കളൊക്കെ അവിടല്ലേ പഠിക്കുന്നേ"..??
"അതു വില്ലമ്മാരുടെ മക്കള്...ഞാനങ്ങനല്ലല്ലോ..ഒന്നുമില്ലെങ്കിലും എനിക്കും എന്റെ അനിയനും അമ്മയ്ക്കും ഹീറോ ആടാ എന്റെ അച്ഛന്‍...ഹും."..
(എന്റെ പൊന്നു സിനിമക്കാരേ.. ഇനിയെങ്കിലും ഈ വില്ലമ്മാരുടെ മക്കള് പഠിക്കുന്നത് ബാങ്ളൂരെന്നിടല്ലേ... അല്ലാതെ തന്നെ നല്ല പേരുദോഷമാ അവിടെ പഠിക്കുന്ന പിള്ളേര്‍ക്കെല്ലാം ..)
"അളിയാ എത്ര വര്‍ഷത്തെ കോഴ്സാ ഈ ബീഫാമ്"??..മസിലിന്റെ തംശയം...
"7 വര്‍ഷത്തെ...."ഞാന്‍..
ഹോ..എന്റമ്മോ!അതെന്തു ഡിഗ്രീ ആടാ??ഇത്രയും നാള്??
ഞാന് ഇടകണ്ണിട്ട് അവന്‍മാരെ നോക്കി...
"അതു പിന്നെ..ശരിക്കും നാലു വര്‍ഷത്തെ കോഴ്സാ..എന്റെ ഒരു റേന്‍ച് വച്ച് അച്ഛന്റെ പ്രതീക്ഷയാ ഞാന്‍ പറഞ്ഞെ...ഏഴു വര്‍ഷം കൊണ്ടെങ്കിലും തീര്‍ക്കണം..."
"എന്തിനെ പറ്റിയാ അളിയാ പഠിക്കുന്നേ..ഈ ബീഫാമില്??...",മസിലിന്റെ അടുത്ത തംശയം...
"ഹ ഹ..ടാ മണുകുണാഞ്ചന്‍മാരേ..അതു പോലും അറിയില്ലേ..കമ്പ്യൂട്ടര്‍ പഠിക്കാന്‍ വിട്ടപ്പോള്‍ ആ കളരി ചിറയില്‍ പോയി ചൂണ്ട ഇട്ടിരുന്നപ്പൊ ഓര്‍ക്കണാരുന്നു...മരുന്നിനെ പറ്റി പഠിക്കുന്നതാ ഈ ബീഫാം"
"അതിനു ഞങ്ങളെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ആരു വിട്ട്??!!,ലിബു..
ങേ!!അതു ശരിയാണല്ലോ..അച്ഛന്‍ എന്നോട് പറഞ്ഞ അതേ ഡയലോഗ് പറയണ്ടാരുന്നു...എന്റെ അച്ഛന്‍ കാണിച്ച മണ്ടത്തരം ഇവന്‍മാരുടെ അച്ഛന്‍മാര് കാണിച്ചില്ല.. കമ്പ്യൂട്ടര്‍ പഠിക്കാന്‍ വിട്ടില്ല...ബ്രില്യന്റ് ഗയ്സ്....
"അതു വിട് അതു വിട്... ആ ഗോവിന്ദണ്ണന്റെ കടയില്‍ കിട്ടുന്നതിനേക്കാള്‍ വീര്യമുള്ള അരിഷ്ടമുണ്ടാക്കാന്‍ പഠിച്ചിട്ടേ രായേഷ് ഇനി ഈ നാട്ടില്‍ കാലു കുത്തൂ.."
"അതിനു സാദ്യത ഇല്ലളിയാ....നിന്റെ ഒരു സ്വഭാവം വച്ച് നീ ആ നാട്ടില്‍ ചെന്നിറങ്ങുന്നതിന്റെ നാലിന്റെ അന്നു അവര് നിന്റെ കാലു വെട്ടും...പിന്നെ എങ്ങനെ നീ കാലു കുത്തും?? "...ലിബു...
"പോടാ..പോടാ...ആക്കാതെ...ഞാന്‍ കയറി പോവാ..വീട്ടിലോട്ട്...."
ഞാന് തിരിച്ച് വീട്ടിലേയ്ക്കു നടന്നു.ഇനി എന്തൊക്കെയാണാവോ ചെയ്യേണ്ടത്??...ബിഫാം പഠിക്കാന്‍ ബാന്‍ഗ്ലൂര്‍ക്ക്...മര്യാദയ്ക്ക് ട്രെസ് ചെയ്യാന്‍ പോലും എനിക്കറിയില്ല.ഇന്‍ ചെയ്ത് ടൈ ഒക്കെ കെട്ടി പോകേണ്ടി വരും.കൈലി ഉടുത്ത് കടത്തിണ്ണയിലിരുന്ന് കൂട്ടുകാരുമൊത്ത് നാട്ടുകാരെ കുറ്റം പറയുന്ന സുഖം അവസാനിക്കാന്‍ പോകുന്നു..അച്ഛന്‍ എപ്പോഴും പറയുന്നത് പോലെ ജീവിതം പച്ച പിടിക്കണ്ടെ.....
***************
"അങ്ങനെ 1999 ലെ നവംബര് 2.......
ടാ..മോനേ..കുളിച്ച് അമ്പലത്തില്‍ പോയേച്ച് വാ..താമസിക്കണ്ടാ..പതിനൊന്നിനല്ലേ ട്രെയിന്‍....ഏഴരയ്ക്കെങ്കിലും ഇറങ്ങണം ഇവിടുന്ന്..."
നേരെ അമ്പലത്തിലേയ്ക്ക്....
ചെന്നതും നാണിതള്ള അവിടെ നിപ്പുണ്ട്...നാട്ടിലെ അറിയപ്പെടുന്ന,നാലന്‍ച് പീസുകളും....
ഹോ..ഇവളുമാരു ഇങ്ങനെ വരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അമ്പല സന്ദര്‍ശനം എന്റെ കാര്യത്തിലെങ്കിലും നിര്‍ബന്ധമാക്കിയേനേ...മിസ് ആയി.....
ആരെ കണ്ടാലും ഒരു കൊണാപ്പിലെ ചോദ്യം ഈ തള്ള ചോദിക്കും..ഹോബിയാ..
കൃഷ്ണാ കാത്തോളണേ...ഈ ഗോപികമാരുടെ മുന്നില്‍ വച്ച് ഒരു ഇന്‍സള്‍ട്ട് നീ തന്നെ ഒഴിവാക്കണം...പ്ലീസ്..
"അല്ല..മണിയുടെ മൂത്ത മോനല്യോടാ നീ...നീ മങലാപുരത്തെങ്ങാണ്ട് കെളയല് പഠിക്കാന്‍ പോണൂന്ന് പറഞ്ഞിട്ട് പോയില്യോ??"...
ദേ....ചോയിച്ച്......തള്ള ആ ചോദ്യം ചോയിച്ച്.....
എന്തേലും കേട്ടാ കെക്കക്കെക്ക എന്നു ചിരിക്കാന്‍ കൊറേ അവളുമാരും...
"അമ്മൂമ്മേ..കെളയലല്ല....ബീഫാം..ഹിഹി..."(പെരട്ട തള്ള..ഹും..)
"ഞാനും അതു തന്നെയാ പറഞ്ഞെ..നിന്റപ്പൂപ്പന്‍ നല്ലൊരു കൃഷിക്കാരനാരുന്നു.എന്തായാലും നീ ആ വഴി എടുത്തത് നന്നായി..."
അയ്യേ,എന്റെ അപ്പൂപ്പന്‍ അത്തരക്കാരനല്ല..ഡീസന്റാ..ഇനി ഞാനുദ്ദേശിച്ച അര്‍ത്ഥമല്ലേ??
ദൈവമേ..അച്ഛന്‍ എന്നെ പറ്റിച്ചൊ??ഇതിനി വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെളയലാന്നോ, ഈ ബീഫാം!??...
"എടാ..ഞാന്‍ പഴയ ഏഴാം ക്ലാസാ..ഈ നാട്ടിലന്ന് എന്റെ അത്ര പഠിപ്പുള്ള പെണ്ണുങ്ങളില്ല..അറിയോ?..ആ എന്നെ നീ പഠിപ്പിക്കണ്ടാ..അന്നു ഞാനൊന്നാഞ്ഞ് ശ്രമിച്ചിരുന്നേല് ഇന്ന് പെന്‍ഷന്‍ പറ്റിയ സര്‍ക്കാരുദ്യോഗസ്ത്ഥയായേനെ... ഫാര്‍മിങ് എന്നു പറഞ്ഞാല്‍ കൃഷിയാന്നൊക്കെ എനിക്കറിയാം.ട്രാ...."
"കെക്കക്കക്ക..
കെക്കക്കക്കക്കാക്കക..
കെക്കക്കക്കക"......
പോയിനെടി പിള്ളേരേ..അവളുമാരുടെ ഒരു കിണി...ഞാനെന്താ തുണി ഇല്ലാണ്ട് നിക്കുവാണോ...
തള്ള തൊലി ഉരിഞ്ഞ്....ഒരേഴാക്ളാസുകാരി....
അവിടെ വരെ എത്തിയപ്പോഴേയ്ക്കും പഠിപ്പിച്ച ടീച്ചറുമാര്‍ക്ക് പ്രാന്ത് പിടിച്ച് സ്കൂളിനു തീ വച്ച് അതില്‍ ചാടി ആത്മഹത്യ ചെയ്തു കാണും..
ഇതല്ലേ നാക്ക്....സ്കൂളിലൊരെണ്ണം പോരെ...എന്തിനാ വേറെ....
"ശരി അമ്മൂമ്മേ...ഞാനെന്നാ പോട്ടെ...ഇന്നു പോവാ..പുതിയ സ്ത്ഥലത്തോട്ട്....ബാങ്ക്ലൂര്‍ക്ക്.....ഒരുപാട് ദൂരെയാ...."
**********************
2003 ഇലെ ഒരു ജൂണ്‍ മാസം...
കോരിച്ചൊരിയുന്ന മഴയില്‍ ,അതിന്റെ തണുപ്പും പറ്റി, ചൂട് കട്ടന്‍ ചായ ഊതി കുടിച്ച് ചക്ക വറുത്തതും കഴിച്ച് ആസ്വദിച്ച് വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോള്‍ എന്റെ മൊബൈലില്‍ ഒരു വിളി.. ഒരു എസ് റ്റി ഡി കോള്‍...
"അരേ രാജേഷ്...തു പാസ് ഹോ ഗയാ രേ...തു ഓള്‍ ക്ലിയര്‍ ഹേ..റിസല്ട്ട് ആഗയാ.."
ദേ..പണ്ട് പ്രഭു വിളിച്ചു പറഞ്ഞ അതേ പോലൊരു വൃത്തികേട് എന്റെ മറ്റൊരാത്മ സുഹൃത്ത് ബീഹാറി സന്ദീപും പറയുന്നു....
"ക്യാ???!!!സച്ചി മേം...??!!
"സാലെ ബഹന്‍*** വിശ്വാസ് നഹി ഹോ രഹാ ഹെ ക്യാ??"...
ദൈവമേ ഞാന്‍ ഒരു ഫാര്‍മസിസ്റ്റ് ആയി... അപ്പോഴേക്കും അമ്മ ഒരു 5 രൂപയുടെ തുട്ടുമായി ഉമ്മറത്തേയ്ക്കു വന്നു...
"അമ്മാ,ഞാന്‍ പാസായി.റിസല്‍റ്റ് വന്നു...ഡിഗ്രീക്കാരനായി..ഇപ്പൊ ഫോണ്‍ വന്നു"...
"ആരുടെ"?!..
"സന്ദീപിന്റെ"...
"നിന്റെ കൂട്ടുകാരനല്ലേ അവന്‍ നിന്നെ പറ്റിച്ചതാവും...കാര്യമാക്കണ്ട",,അമ്മ
എന്റെ അമ്മച്ചീ...ആ പഴയ ഡയലോഗ് ഒന്നു മാറ്റി പിടി....
"എന്തിനാ ഈ 5 രൂവ"...??
"ഓ,അതു നീ ഹിന്ദി പറഞ്ഞപ്പൊ ഞാന്‍ വിചാരിച്ചു ഗുജറാത്തിലെ വെള്ളപൊക്കക്കാരാരോ വന്നതാന്ന്...അതാ"...
മമ്മീ..ഞാനൊരൊഴിഞ്ഞ ഗോള്‍ പോസ്റ്റാന്നും പറഞ്ഞ്...ഇങ്ങനെ...വേണ്ടാ....
വൈകിട്ട് അച്ഛനെത്തി....
"അതു പിന്നേ...ഞാനേ,, പാസായി.....ബീഫാം..."
അച്ഛന്‍ എന്നെ ഒന്നു നോക്കി... ചിരിച്ചു....
"ഗുഡ് ....വെരി ഗുഡ്".... "
നാലു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു ഗുഡ്.അര്‍ത്ഥം ഇപ്പോഴും മാറ്റീട്ടില്ലല്ലോ...
"ഇനി എന്താ പരിപാടി"???...അച്ഛന്‍
ദേ...ആവര്‍ത്തിക്കുന്ന ഡയലോഗ് !!നാലു വര്‍ഷം മുന്‍പ് കേട്ട അതേ സാധനം..........
ഇതെന്താ ഇങ്ങനെ??...
വീണ്ടും പഠിക്കാന്‍ പറയാനുള്ള പരിപാടിയാ… ഇത്തവണ വല്ല ഉഗാണ്ടയോ നിക്കാരഗുവയോ സോമാലിയയോ ആയിരിക്കും.....അത് അച്ഛന്‍ പള്ളിയില് പോയി പറഞ്ഞാ മതി...അപ്പൊ അച്ഛനും പള്ളീലച്ഛനാവും...അല്ല പിന്നെ..
"തിരിച്ചു ബാങ്ലൂര്‍ക്ക് പോണം.ജോലിക്കു ശ്രമിക്കണം"...
"അതല്ലടാ ചോദിച്ചെ...ഇന്നിനി ഇപ്പൊ എന്താ പരിപാടി എന്ന്...എന്തായാലും കൊള്ളാം, ഇരുട്ടുന്നതിനു മുന്‍പ് വീട്ടില്‍ കയറിക്കോണം..അത്രേയുള്ളൂ"..
വോ..ലത്..
അച്ഛന്‍ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് പോയി...
ഞാനെന്റെ മൊബയില്‍ എടുത്തു..
"അളിയാ ലിബൂ...എന്റെ വീട്ടിലോട്ട് വാടാ...ഞാന്‍ ബീഫാമുകാരനായടാ...പോയി ഓരോ ബീര്‍ അടിച്ചാലോ...തണുപ്പൊന്നും കാര്യമാക്കണ്ടാ....യേത്????".....
ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ലിബുവിന്റെ പൊട്ടിചിരി...
"ടാ ചിരിക്കാതെടാ ഡേഷേ...സത്യമായിട്ടും ഉള്ളതാടാ....നീ വാ",...
പക്ഷേ അച്ഛന്‍ എപ്പോഴും പറയാറുള്ള ജീവിതത്തില്‍ പച്ച പിടിച്ചൊരു നിലയിലെത്തണം എന്നത് എന്താണെന്ന് മനസിലാക്കാന്‍ എനിക്ക് പിന്നേയും ഒരുപാട് കാലമെടുത്തു..
ഒടുവില്‍ ഞാന്‍ സൌദിയിലെത്തിയപ്പോള്‍ അച്ഛന്‍ ആ പറഞ്ഞതിന്റെ പൊരുള്‍ മനസിലാക്കി....
ഞാന്‍ ഇവിടെ വന്ന് ഒരു രണ്ട് മാസം കഴിഞ്ഞ്,ഷോപ്പില്‍ നിന്നു സാധനം വാങ്ങി ഇറങ്ങുന്ന വഴി തല കുത്തി വീണ് നടക്കാന്‍ വയ്യാതായപ്പോള്‍ ഒരു സന്‍മനസുള്ള പച്ചയാണ്(പാകിസ്ത്ഥാനി)എന്നെ പിടിച്ച് ഒന്നാമത്തെ നിലയിലുള്ള എന്റെ ഫ്ലാറ്റിലെത്തിച്ചത്....അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ പച്ച പിടിച്ച് ഒരു നിലയിലെത്തി...
ഇതിനാ പറയുന്നത് മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കണം എന്ന്....